പത്തനംതിട്ട കുന്നന്താനത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സിനിമ സ്റ്റൈലിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി ആശുപത്രി ജീവനക്കാരെയും രോഗികളെയും മുൾമുനയിൽ നിർത്തിയത്.
രാവിലെ ആശുപത്രിയിലെ ലാബിലെത്തിയ ലിനു, കൈവശമുണ്ടായിരുന്ന തോക്ക് മേശപ്പുറത്ത് വെച്ചുകൊണ്ടാണ് ഭീഷണി തുടങ്ങിയത്. "ചികിത്സ വൈകിയാൽ വെടിവെച്ച് കൊല്ലും" എന്നായിരുന്നു ഇയാളുടെ ക്രോധാക്രോശം. ലാബിൽ നിന്നും നേഴ്‌സുമാരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ, അവിടെയുണ്ടായിരുന്ന ജീവനക്കാർക്ക് നേരെയും തോക്ക് ചൂണ്ടി. തോക്ക് കണ്ട് പരിഭ്രാന്തരായ മെഡിക്കൽ വിദ്യാർത്ഥികളും രോഗികളും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
മെഡിക്കൽ ഓഫീസർ എത്തിയതോടെ ഇയാൾ വാഹനത്തിൽ കയറി സ്ഥലം വിട്ടു. എന്നാൽ ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ഉച്ചയോടെ പ്രതിയെ പൊക്കി.
ഞാൻ ഡോക്ടറാണ്!
പിടിയിലായ സമയത്ത് താൻ ഡോക്ടറാണെന്ന വിചിത്രമായ വാദമാണ് ലിനു ഉയർത്തിയത്. ഇയാളുടെ പക്കൽ നിന്നും എയർഗണ്ണിനൊപ്പം ഒരു സ്റ്റെതസ്കോപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രതി സംസാരിക്കുന്നത്. എയർഗണ്ണാണെങ്കിൽ പോലും മാരകായുധവുമായി സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ ആംസ് ആക്ട് പ്രകാരം കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
