രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടവയറുള്ളവര്‍ കേരളത്തിലാണെന്ന് പഠന റിപ്പോര്‍ട്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടവയറുള്ളവര്‍ കേരളത്തിലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യ ഡയബറ്റിസും ചേര്‍ന്ന് 12 വര്‍ഷം നീണ്ടുനിന്ന പഠനത്തിലാണ് കണ്ടെത്തല്‍. സര്‍വേ പ്രകാരം കേരളത്തിലെ 58.2 ശതമാനം പേര്‍ക്കും കുടവയറുണ്ട്. ജനസംഖ്യാനുപാതത്തില്‍ 57.2 ശതമാനവുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും 56.9 ശതമാനത്തോടെ ഹരിയാണ മൂന്നാം സ്ഥാനത്തുമാണ്.
അമിതവണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്. 45.9 ശതമാനത്തോടെ പുതുച്ചേരി ഒന്നാംസ്ഥാനത്തും 43.6 ശതമാനത്തോടെ കേരളം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 41.8 ശതമാനത്തോടെ ഡല്‍ഹി മൂന്നാമതാണ്. ദേശീയ ശരാശരിയാകുമ്പോള്‍ കുടവയറിന് 39.5 ശതമാനവും അമിതവണ്ണത്തിന് 28.6 ശതമാനവുമാണ്. 90 സെ.മീ. (35 ഇഞ്ച്) കവിയുന്ന അരക്കെട്ട് ചുറ്റളവുള്ള പുരുഷന്മാരെയും 80 സെ.മീ. (31 ഇഞ്ച്) കവിയുന്ന സ്ത്രീകളെയും കുടവയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരായ ദമ്പതികളില്‍ അമിതവണ്ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കും കേരളത്തിലാണ് 51.3 ശതമാനം.
ആധുനിക വൈദ്യശാസ്ത്രം അമിതവണ്ണത്തെ ഒരു രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, ഇരുന്ന് ജോലി ചെയ്യല്‍ എന്നിവയാണ് പൊണ്ണത്തടിയും വയറിലെ കൊഴുപ്പും വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്.

#kerala #health