*അജിത് ഡോവൽ കടയിലെത്തി ചിപ്സും വാങ്ങി കൂളായി മടങ്ങി; വന്നതും പോയതും ആരുമറിഞ്ഞില്ല !ഇന്ത്യൻ ജയിംസ് ബോണ്ടിനെ ചാരക്കണ്ണിലാക്കിയത് സിസിടിവികൾ*

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയ വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ വിവരം സംസ്ഥാന ഇന്റലിജന്‍സ് പോലും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ അജിത് ഡോവൽ തലസ്ഥാനത്തെ പ്രമുഖ ബേക്കറിയിലും എത്തിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. കിഴക്കേകോട്ടയിൽ പഴവങ്ങാടിയിലെ മഹാ ചിപ്സ്സ് എന്ന കടയിലാണ് അജിത് ഡോവൽ എത്തിയത്. മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കൂളായി ബേക്കറിയിലെത്തിയ ഡോവൽ സാധനം വാങ്ങി മടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു.

ജനുവരി 22, 23 തീയതികളിലാണ് അജിത് ഡോവൽ തലസ്ഥാനത്ത് എത്തിയത്. ഇതിലൊരു ദിവസമാണ് രാവിലെ എട്ട് മണിയോടെ പഴവങ്ങാടിയിലെ മഹാ ചിപ്സ്സിൽ അജിത് ഡോവൽ എത്തിയത്. കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചീപ്സ് വാങ്ങി മടങ്ങുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ഉപദേഷ്ടാവ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും. വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറയുന്നു. ചിപ്സ് വാങ്ങാനാണ് അദ്ദേഹം എത്തിയത്. എല്ലാം നോക്കിക്കണ്ടു. സാധാരണക്കാരനെ പോലെയാണ് വന്നത്. സാധാരണ 9 മണിക്കാണ് കട തുറക്കാറ്, ശബരിമല സീസൺ ആയതിനാൽ ആ സമയത്ത് 8 മണിക്ക് ഷോപ്പ് തുറക്കും. ഇതറിഞ്ഞാകാം അദ്ദേഹം ആ സമയത്ത് എത്തിയത്. വലിയ തിരക്കില്ലാത്ത സമയമായിരുന്നു. പ്രകാശ് രാജ്, ഓംപുരി തുടങ്ങിയ പ്രമുഖർ ഇവിടെ വന്നിട്ടുണ്ട്. വിവിഐപികളും, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമൊക്കെ എത്താറുണ്ട്. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജീവനക്കാർ പറഞ്ഞു.

പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവൽ തിരുവനന്തപുരത്ത് എത്തിയത്. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ഇത് മുൻനിർത്തിയുള്ള തിരുത്തലുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.