കൊവെൻട്രി: യുണൈറ്റഡ് കിംഗ്ഡത്തിലെ കൊവെൻട്രിയിൽ ആറ്റിങ്ങൽ സ്വദേശിയായ മലയാളി യുവാവിനെ കാണാതായതായി പരാതി. ആറ്റിങ്ങൽ സ്വദേശി ജയകുമാറിന്റെ മകൻ വിഷ്ണു ജയകുമാർ (26) നെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. സംഭവത്തിൽ കുടുംബം പ്രാദേശിക പൊലീസിൽ പരാതി നൽകി.
അവസാനമായി കണ്ടത് സ്വാൻ ലേക്കിന് സമീപം
കഴിഞ്ഞ വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയതായിരുന്നു വിഷ്ണു. പുലർച്ചെയോടെ കൊവെൻട്രിയിലെ സ്വാൻ ലേക്കിന് (Swan Lake) സമീപം വീട്ടിലേക്ക് മടങ്ങാനായി ടാക്സി കാത്തുനിൽക്കുന്നതിനിടയിലാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും വിഷ്ണു വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുടുംബം വർഷങ്ങളായി വിദേശത്ത്
വർഷങ്ങളായി വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ് വിഷ്ണുവിന്റെ കുടുംബം. യുവാവിനെ കണ്ടെത്താൻ ലണ്ടനിലെ മലയാളി സംഘടനകളും പൊലീസിനൊപ്പം ചേർന്ന് ശ്രമങ്ങൾ നടത്തിവരികയാണ്.
വിവരമറിയിക്കുക
വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു:
ഫോൺ നമ്പർ: +44 7867 121738
