*തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾ മാത്രം; ദേശീയപാത മേൽപാതയിൽ വിള്ളൽ, തുറന്നു നൽകിയ മേൽപാത അടച്ചു*

ചാത്തന്നൂർ.ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാതയിൽ വിള്ളൽ. ഏതാനും ദിവസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ ചാത്തന്നൂർ തിരുമുക്കിലെ മേൽപാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ, തുറന്നു നൽകിയ മേൽപ്പാത രണ്ടു ദിവസം മുൻപ് അടച്ചു. തിരുമുക്കിലെ അടിപ്പാതയ്ക്കു കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ നീളത്തിലാണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്. പാതയ്ക്കു ചരിവ് വന്നതായും നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കു ശേഷമാണ് വിള്ളൽ രൂപപ്പെട്ട തെന്നാണ് പ്രാഥമിക നിഗമനം. വിള്ളലിലൂടെ മഴ വെള്ളം ഇറങ്ങി വലിയ അപകടത്തിന് സാധ്യതയുള്ളതായി നാട്ടുകാർ ഭയക്കുന്നു. ചാത്തന്നൂർ ജംഗ്ഷനിൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിയ മേൽപാതയുടെ ഭാഗം കുത്തി പൊളിച്ചിരുന്നു. ഈ രീതിയിൽ നിർമാണത്തിലെ അപാകതയാണ് വിള്ളലിന് കാരണം എന്നും ആക്ഷേപമുണ്ട്. തിരുമുക്കിലെ മേൽപാത നിർമാണത്തിന്റെ തുടക്കം മുതൽ പരാതികളുടെ പ്രളയമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയുള്ള അശാസ്ത്രീയ നിർമ്മാണ രീതി എന്നാണ് ആക്ഷേപം.