ഇന്ത്യയ്ക്കു ചുമത്തിയ പകരംതീരുവ 18% ആക്കി കുറച്ചതായി ഇന്നലെ രാത്രി ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെയായിരുന്നു ഏകപക്ഷീയ പ്രഖ്യാപനം. തൊട്ടുപിന്നാലെ, തീ രുവ കുറച്ചതിനു മോദി സമൂഹമാധ്യമ പോസ്റ്റിൽ നന്ദി പറഞ്ഞു.വ്യാപാരക്കരാറിൽ ധാരണയായെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ സ്‌ഥിരീകരിച്ചു
25% പകരം തീരുവയ്ക്കു പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികംതീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഓഗസ്റ്റിൽ ഇന്ത്യയ്ക്കു ചുമത്തിയിരുന്നത്.
ഇത് 18 ശതമാനമായി കുറയുമെന്നു യുഎസ് എംബസി വക്താവ് അറിയിച്ചു. ഫലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25% തീരുവ പൂർണമായും ഒഴിവായി. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്നും, പകരം കൂടുതൽ എണ്ണ യുഎസിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങാമെന്നും മോദി ഉറപ്പുനൽകിയതായി ട്രംപ് പറഞ്ഞു.
