സോഷ്യൽ മീഡിയയിൽ സിനിമാറ്റിക്കായ വീഡിയോകളിലൂടെ കൈയ്യടി വാങ്ങിയിരുന്ന പത്തനാപുരം എസ് .ഐ. ഷാനവാസ് ഇപ്പോൾ പ്രതിക്കൂട്ടിലാണ്. ഉത്സവപ്പറമ്പിൽ നായയുമായി എത്തിയ യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പോലീസിന്റെ അടിയേറ്റ ഭയത്തിൽ അവിടെ നിന്നും വാഹനം ഓടിച്ചുപോയ യുവാവിനെ സാഹസികമായി പിടികൂടിയെന്ന് വരുത്തിത്തീർക്കാൻ പോലീസ് തന്നെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു.
എന്നാൽ, യുവാവിന്റെ കുടുംബം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ പോലീസിന്റെ ഈ 'ഹീറോയിസം' നാടകത്തെ പൊളിച്ചടുക്കി. പോലീസിന്റെ അക്രമം ഭയന്നാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിയമം നടപ്പിലാക്കേണ്ടവർ തന്നെ അത് ലംഘിക്കുകയും പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നത് വലിയ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
