ഉച്ചഭാഷിണി ഉപയോഗത്തിന് കർശന നിയന്ത്രണം; ലംഘിച്ചാൽ നടപടിയെന്ന് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം...ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി നിർദ്ദേശിച്ചു. രാത്രി 10 മണിക്ക് ശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. അനുവദനീയമായ ഡെസിബൽ പരിധി ലംഘിക്കരുതെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്പീക്കറുകൾ സ്ഥാപിക്കരുതെന്നും പോലീസിനും ലൈറ്റ്സ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ പ്രതിനിധികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും ഉപകരണങ്ങൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടു.