ശ്രീകാര്യത്ത് ഭിന്നശേഷിക്കാരനായ വയോധികന് വെട്ടേറ്റു; ബൈക്ക് യാത്രക്കാരായ യുവാക്കൾക്കായി തിരച്ചിൽ

ശ്രീകാര്യം: ബൈക്ക് യാത്രക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് റോഡരികിൽ കിടന്നിരുന്ന ഭിന്നശേഷിക്കാരനായ വയോധികന് വെട്ടേറ്റു. വികാസ് നഗർ 
സ്വദേശി അനിൽകുമാർ (60) ആണ് ആക്രമണത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 7.30-ഓടെ ചെക്കാലമുക്ക് പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.റോഡരികിലെ കടത്തിണ്ണയിൽ കിടക്കുകയായിരുന്നു അനിൽകുമാർ. ഇതുവഴി ബൈക്കിലെത്തിയ യുവാക്കളുമായി ഇയാൾ വാക്കേറ്റമുണ്ടായി. തുടർന്ന് അവിടെനിന്നും പോയ യുവാക്കൾ മാരകായുധങ്ങളുമായി തിരിച്ചെത്തി അനിൽകുമാറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അനിൽകുമാറിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
​ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ അനിൽകുമാറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തെയും സമീപത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ശ്രീകാര്യം പോലീസ് അറിയിച്ചു.