*വെള്ളാപ്പള്ളിയുടെ പത്മ പുരസ്കാരം പിൻവലിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി, പരാതിയിലെ കാരണം*…

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന പരാതിയിൽ രാഷ്‌ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ് ശശികുമാർ നൽകിയ പരാതി, മേൽനടപടികൾക്കായി രാഷ്‌ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.

വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നൽകുന്നത് പുരസ്‌കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പത്മ പുരസ്‌കാരങ്ങളെ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇത്തരമൊരാൾക്ക് പുരസ്കാരം നൽകുന്നത് നിലവിൽ പത്മ പുരസ്‌കാരം നേടിയവരോടുള്ള അനാദരവാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു