ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രത്യാക്രമണവും കൊണ്ട് സംഘർഷ സാഹചര്യത്തിൽ കുട്ടികളുൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടമായ വാർത്തകളും പുറത്തുവരുന്നു.തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മിനാബില്‍ സ്ഥിതി ചെയ്യുന്ന എലമെന്ററി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന ആക്രമണം സ്ഥിരീകരിച്ചു.
നേരത്തെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാക്കിലെ ഇറാൻ അനുകൂല ഗ്രൂപ്പിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
അബുദാബിയിലെ ജനവാസമേഖലയിലാണ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിലാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരേ തിരിച്ചടിക്കാൻ രാജ്യത്തിന് പൂർണമായ അവകാശമുണ്ടെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അർധരാത്രി വരെ റദ്ദാക്കിയിരിക്കുന്നതായി ഇൻഡിഗോ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും ഇൻഡിഗോ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി വിമാന സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഇൻഡിഗോ അറിയിച്ചു.ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നൽകി. എല്ലാവരും ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ: cons1.telaviv@mea.gov.in
ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.
