കല്ലമ്പലം: പുതുശ്ശേരിമുക്ക് പുളിയറക്കോണത്ത് വീടുകളിൽ ഒരു സംഘം അതിക്രമിച്ച് കയറി അക്രമം അഴിച്ചു വിട്ടതിൽ സ്ത്രീകളടക്കം 6 പേർക്ക് പരിക്കേറ്റു.സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുളിയറക്കോണം നെല്ലിക്കുന്ന് വിള വീട്ടിൽ ജയേഷ് (17), അംബിക (60),വട്ടവിള വീട്ടിൽ മഹിൻ (35),അതുൽ (17),വിഷ്‌ണു(33), തങ്ക (50) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജയേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.പിടിച്ചു മാറ്റുന്നതിനിടയിൽ നിലത്തു വീണാണ് സ്ത്രീകൾക്ക് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം എസ്.ഐ അബരീഷ് .പി യുടെ നേതൃത്വത്തിൽ ഒറ്റൂർ വെട്ടിമൺകോണം സഹീർഅലി ഹൗസിൽ അലിഖാൻ (18),പിതാവ് സുമേഷ് (42)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. തിങ്കൾ ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഓട്ടോയിലും ബൈക്കിലും എത്തിയ സംഘം വീട്ടിലും വഴിവക്കിലും ഇരുന്ന യുവാക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മാരക ആയുധങ്ങളും ഇവർ കൈവശം വച്ചിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും, മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
