അണ്ടര്‍ 19 ലോകകപ്പ്: ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 400 കടന്ന് ഇന്ത്യ; വഴിയൊരുക്കിയത് വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ചുറി

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആയുഷ് മാത്രെ (53) അര്‍ധെ സെഞ്ചുറി നേടി. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജെയിംസ് മിന്റോ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റിയന്‍ മോര്‍ഗന്‍, അലക്‌സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മാത്രെ മടങ്ങി. അലക്‌സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച്.

വൈകാതെ വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കി. വേദാന്ത് ത്രിവേദിക്കൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് മടങ്ങിയത്. 15 വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. ഗ്രീനിന് വിക്കറ്റ് നല്‍കിയാണ് വൈഭവ് മടങ്ങുന്നത്. വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുരത്തെടുത്തു. കനിഷ് ചൗഹാന്‍ 20 പന്തില്‍ പുറത്താവാതെ നേടിയ 37 റണ്‍സ് സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. ദീപേഷ് ദേവേന്ദ്രന്‍ (0) പുറത്താവാതെ നിന്നു. ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട് അണ്ടര്‍ പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്‌സ്, തോമസ് റ്യൂ (ക്യാപ്റ്റന്‍), കാലേബ് ഫാല്‍ക്കണര്‍, റാല്‍ഫി ആല്‍ബര്‍ട്ട്, ഫര്‍ഹാന്‍ അഹമ്മദ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, ജയിംസ് മിന്റോ, മാന്നി ലംസ്ഡന്‍, അലക്‌സ് ഗ്രീന്‍.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു, ആര്‍.എസ്. അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.