വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി സ്വദേശി കളത്തിങ്കൽ റഷീദിന്‍റെ മകൾ തൻഹയാണ് മരിച്ചത്. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കച്ചേരിമുക്കിന് സമീപമുള്ള ഇവരുടെ വീടിനോട് ചേർന്ന് കടന്നു പോകുന്ന ഇലക്ട്രിക് ലൈനിൽ വീടിന്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടം. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നുപോയത്. എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.