ചേർത്തല: ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വിദ്യാർത്ഥി കാണുന്നത് മോഷണ ശ്രമം. വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ. ആലപ്പുഴ പൂച്ചാക്കൽ ചുരമന വടക്കേ കൈനിക്കര പരേതനായ ബാബുവിൻ്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് (14) മർദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അലമാര തുറക്കുന്നത് കണ്ട വിദ്യാർത്ഥിയെ മോഷ്ടാവ് ക്രൂരമായി ആക്രമിച്ചു. മോഷ്ടാവിനെ വളർത്തുനായ ആക്രമിച്ചതിനെത്തുടർന്നാണ് ഫെബിന് രക്ഷപ്പെടാനായത്. തൈക്കാട്ടുശേരി എസ്എംഎസ്ജെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഫെബിൻ. അമ്മ ഫിയ ജോലിക്ക് പോയ സമയത്തായിരുന്നു കവർച്ചാശ്രമം. ട്യൂഷൻ കഴിഞ്ഞ് എത്തിയ ഫെബിൻ വാതിൽ തുറന്നു കിടക്കുന്നതും ഒരാൾ അലമാര കുത്തിത്തുറക്കുന്നതും കണ്ടു. ശബ്ദമുണ്ടാക്കിയ ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു. പുറത്തേക്ക് ഓടാൻ ശ്രമിച്ച കുട്ടിയെ പിടികൂടി കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും മോഷ്ടാവ് ക്രൂരമായി മർദ്ദിച്ചു. 14കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്തു. മർദ്ദനത്തിനിടെ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി.
ക്രിക്കറ്റ് ബാറ്റ് ഒടിയും വരെ മർദ്ദനം
മോഷ്ടാവിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഫെബിൻ വീടിന് പുറത്തേക്ക് ഓടിയപ്പോൾ പിന്നാലെ എത്തിയ മോഷ്ടാവിനെ വളർത്തുനായ വളഞ്ഞിട്ടു കടിച്ചു. നായയെയും അടിച്ച് അവശനാക്കിയ ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മുണ്ടും മുഖംമൂടിയും ധരിച്ചിരുന്ന ഇയാൾ ദേഹത്ത് എണ്ണ പുരട്ടിയിരുന്നതായി ഫെബിൻ പറഞ്ഞു.
മുട്ടിലിഴഞ്ഞ് വീടിന് പുറത്തെത്തിയ ഫെബിനെ അയൽവാസികളാണ് തൈക്കാട്ടുശേരി സിഎച്ച്സിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടത് കാലിന് പൊട്ടലുണ്ട്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി. മോഷ്ടാവിന് നായയുടെ കടിയേറ്റതിനാൽ ചികിത്സ തേടാൻ സാധ്യതയുള്ള ആശുപത്രികളിലേക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.