കാശ്മീർ യാത്ര കണ്ണീർയാത്രയായി, മാതാപിതാക്കളുടെ നെഞ്ചുതകർത്ത് ആ വാർത്തയെത്തി, കണ്ണീരോടെ നാദാപുരം.

നാദാപുരം: ആഘോഷങ്ങൾക്കായി പോയ യാത്ര പാതിവഴിയിൽ മുറിഞ്ഞു. ഉറ്റവർക്കും, സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി മുഹമ്മദ് മിഥിലാജ് യാത്രയായി.

 സുഹൃത്തുക്കൾക്കൊപ്പം കാശ്മീരിലെ മനോഹരമായ കാഴ്ചകൾ കണ്ട് മടങ്ങുന്നതിനിടെയാണ് വിധി മരണത്തിന്റെ രൂപത്തിൽ ആ യുവാവിനെ തട്ടിയെടുത്തത് നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥിയായ മിഥിലാജ്, പഠനകാലത്തെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനാണ് സഹപാഠികൾക്കൊപ്പം കാശ്മീരിലേക്ക് പോയത്. 

യാത്രയുടെ ഓരോ നിമിഷവും ക്യാമറയിലും മനസ്സിലും പകർത്തി മടങ്ങവേ, ഡൽഹിയിൽ വെച്ചാണ് വില്ലനായി കടുത്ത വയറുവേദന എത്തിയത് വയറുവേദന അനുഭവപ്പെട്ട ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ മിഥിലാജിനെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധരായ ഡോക്ടർമാരുടെ പരിചരണവും സുഹൃത്തുക്കളുടെ പ്രാർത്ഥനകളും ഫലം കണ്ടില്ല. അല്പസമയത്തിനകം ആ പ്രിയപ്പെട്ട സുഹൃത്ത് ലോകത്തോട് വിടപറഞ്ഞു. 

സ്വപ്നങ്ങളുടെ ഹിമശൃംഗങ്ങൾ കണ്ട് മടങ്ങേണ്ടിയിരുന്ന യാത്ര, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവുമായി തിരിച്ചുവരേണ്ടി വന്നതിന്റെ ആഘാതത്തിലാണ് സഹപാഠികൾ മേലെ പൂക്കോം പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ഇടക്കാടൻ വീട്ടിൽ ഇസ്മയിലിന്റെയും, നജ്‌മയുടെയും മകനാണ് മിഥിലാജ്. 

തന്റെ മകൻ സന്തോഷത്തോടെ തിരിച്ചുവരുന്നതും കാത്തിരുന്ന ആ മാതാപിതാക്കൾക്ക് മുന്നിലേക്ക് എത്തിയത് താങ്ങാനാവാത്ത ഈ വിയോഗ വാർത്തയാണ്. ദുബായിലുള്ള സഹോദരൻ നിഹാലും നുസ്റീനയും ഉൾപ്പെടെയുള്ള ഉറ്റവരും ഈ വിയോഗത്തിൽ തകർന്നിരിക്കുകയാണ്. മിഥിലാജിന്റെ വേർപാടിൽ നാദാപുരം നാഷണൽ കോളേജും നാടും ഒന്നടങ്കം വിതുമ്പുകയാണ്. ആ പ്രിയപ്പെട്ടവന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം.