കിളിമാനൂർ സിഐക്കും എസ്ഐക്കും സസ്പെൻഷൻ

കിളിമാനൂർ അപകടം: അന്വേഷണത്തിൽ ക്രമക്കേട്; സി.ഐയെയും എസ്.ഐമാരെയും സസ്പെൻഡ് ചെയ്തു
​കിളിമാനൂർ: കിളിമാനൂരിൽ ദമ്പതികൾ മരിക്കാനിടയായ വാഹനാപകടത്തിന്റെ അന്വേഷണത്തിൽ ക്രമക്കേട് കാട്ടിയ കിളിമാനൂർ സി.ഐയെയും എസ്.ഐമാരെയും സസ്പെൻഡ് ചെയ്തു. കിളിമാനൂർ എസ്.എച്ച്.ഒ ജയൻ, സബ് ഇൻസ്പെക്ടർ അരുൺ, ഗ്രേഡ് സബ് ഇൻസ്പെക്ടർ സലീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെയും നിയോഗിച്ചു.
​അപകടവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും വിവരങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്നിരുന്നു. ഇന്ന് സി.പി.ഐ (എം) ഏരിയ സെക്രട്ടറി വി. സുബ്ബലാൽ, കുമ്മിൾ ലോക്കൽ സെക്രട്ടറി എ.കെ. സെയ്ഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിൽ മരിച്ച ദമ്പതികളുടെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാർക്കെതിരെ കർശന നടപടിയുണ്ടായത്.
​കേസ് ഡയറിയിൽ കൃത്രിമം കാണിച്ചതായും പ്രതികളെ സഹായിക്കുന്ന രീതിയിൽ നിലപാടെടുത്തതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നതോടെ അപകടത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.