സംസ്ഥാനത്ത് വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; മൈസൂരുവില്‍ നിന്ന് വ്യാജ രേഖകള്‍, കേരളത്തില്‍ എംവിഡി മുദ്ര

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് പുറത്തായിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെയാണ് ഏജന്റുമാര്‍ മുഖേന കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിക്കുകയും പിന്നീട് കേരളത്തിലെ ലൈസന്‍സാക്കി മാറ്റുകയും ചെയ്യുന്ന സംഘങ്ങള്‍ വടക്കന്‍ കേരളത്തില്‍ സജീവമാണെന്ന് കണ്ടെത്തി.

മൈസൂരുവില്‍ നിന്നു ലഭിക്കുന്ന ലൈസന്‍സുകളില്‍ വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരളത്തിലെ ലൈസന്‍സാക്കി നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും എംവിഡി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായും ഗതാഗത കമ്മീഷണര്‍ വി.എച്ച്. നാഗരാജു വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും ഏജന്റുമാര്‍ മുഖേന ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, കര്‍ണാടകയിലേക്ക് പോകാതെയും ടെസ്റ്റില്‍ പങ്കെടുക്കാതെയും ലൈസന്‍സ് തരപ്പെടുത്തുന്ന മാഫിയ പ്രവര്‍ത്തനം ഇപ്പോള്‍ പുറത്തുവന്നത് ഗുരുതരമായ ആശങ്കയുണര്‍ത്തുകയാണ്.

കൂടുതൽ കണ്ടെത്തുക
Politics
അന്വേഷണത്തിന് വഴിവെച്ച രേഖകളില്‍, മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്നയാള്‍ക്ക് 2024 ഡിസംബര്‍ 20ന് മൈസൂരു വെസ്റ്റ് ആര്‍ടിഒയില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി. 1970ല്‍ ജനിച്ചെന്ന രേഖകളുള്ള ഇയാളുടെ ലൈസന്‍സില്‍ ഒരു യുവാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന്, വിലാസവും ഒപ്പും മാറ്റുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്‍കിയ ഇയാള്‍ക്ക്, ഡിസംബര്‍ 28ന് മലപ്പുറം വിലാസത്തിലും പുതിയ ചിത്രത്തോടെയും കേരള ലൈസന്‍സ് ലഭിച്ചു. ഇയാള്‍ സമര്‍പ്പിച്ച ആധാര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, രണ്ട് വ്യത്യസ്ത ചിത്രങ്ങളോടെ മൈസൂരു വിലാസത്തിലും മലപ്പുറം വിലാസത്തിലും ഉള്ള ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.

മൈസൂരു വിലാസത്തില്‍ വ്യാജ ചിത്രം ഉപയോഗിച്ച് ലൈസന്‍സ് നേടുകയും, പിന്നീട് കേരളത്തിലെ സബ് ആര്‍ടിഒ ഓഫീസുകള്‍ വഴി ഫോട്ടോ, വിലാസം, ഒപ്പ് എന്നിവ മുഴുവന്‍ മാറ്റി പുതിയ ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന വലിയ സംഘപരമായ തട്ടിപ്പാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും കര്‍ണാടകയിലുമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള ശൃംഖലാപരമായ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ലാത്ത ഒരാളുടെ പേരില്‍ എങ്ങനെ ലൈസന്‍സ് അനുവദിച്ചു, രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ ഉണ്ടായിട്ടും എംവിഡി ഉദ്യോഗസ്ഥര്‍ എങ്ങനെ പുതിയ ലൈസന്‍സ് അനുവദിച്ചു തുടങ്ങിയ നിരവധി ഗുരുതര ചോദ്യങ്ങളാണ് ഇനി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്. അതേസമയം, തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി