വിജയ് ചിത്രം 'ജനനായകന്‍' റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്

വിജയ്ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്പിലെയും മലേഷ്യയിലെയും ചിത്രത്തിന്റെ വിതരണക്കാരാണ് വിവരം അറിയിച്ചത്. 

പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ഇതുവരെ ചിത്രത്തിന് അനുമതി നൽകാത്തതിനാൽ, റിലീസുകളെ നിയന്ത്രിക്കുന്ന നിയന്ത്രണ പ്രക്രിയകളെക്കുറിച്ചുള്ള പരിശോധന ഈ മാറ്റിവയ്ക്കൽ ശക്തമാക്കിയിട്ടുണ്ട്. 
സർട്ടിഫിക്കേഷൻ നൽകാത്തതിനാൽ, നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു, കോടതി ഈ വിഷയത്തിൽ ഉത്തരവ് മാറ്റിവച്ചിരിക്കുന്നു. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും അഭ്യര്‍ഥിക്കുന്നു. പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യൂറോപ്പിലേയും മലേഷ്യയിലേയും വിതരണക്കാരുടെ സോഷ്യല്‍ മീഡിയ ഔദ്യോഗിക പേജിലെ കുറിപ്പ് അവസാനിക്കുന്നത്.