നെടുമങ്ങാട്: നെടുമങ്ങാട് പഴകുറ്റിയിൽ അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.
അപകടം മടക്കയാത്രയ്ക്കിടെ
തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെ പഴകുറ്റി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഏഴ് വയസ്സുകാരിയായ മകൾ റംസാനയെ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹസീനയും മക്കളും. കരകുളം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവരെയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളുടെ നില കണക്കിലെടുത്താണ് അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്
