ബംഗാള്‍ ഉള്‍ക്കടലില്‍ കിഴക്കന്‍ കാറ്റ് ശക്തം; തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യത

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കും.


കേരളത്തില്‍ തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.