ദുബൈ: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ടപ്പോള്‍ ഐ.സി.സിക്ക് ഗുരുതര പിഴവ്.
കോഹ്ലി 825 ദിവസം മാത്രം ഒന്നാം സ്ഥാനത്ത് തുടര്‍ന്നുവെന്നായിരുന്നു ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ക്രിക്കറ്റ് ആരാധകരും വിദഗ്ധരും ഇത് ചൂണ്ടിക്കാട്ടിയതോടെ ഐ.സി.സി വിശദീകരണം തിരുത്തി. യഥാര്‍ഥത്തില്‍ 1547 ദിവസങ്ങളാണ് കോഹ്ലി ഏകദിന ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. പുതുക്കിയ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ കോഹ്ലി നിലവില്‍ മൂന്നാം സ്ഥാനത്താണ്.
വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സ് (2306 ദിവസം), ബ്രയാന്‍ ലാറ (2079 ദിവസം) എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ളവര്‍. ഏറ്റവും കൂടുതല്‍ ദിവസം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും കോഹ്ലിയുടെ പേരിലാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. നിലവിലെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാം സ്ഥാനത്താണ്. കോഹ്ലി 785 റേറ്റിങ് പോയിന്റും മിച്ചലിന് 784 പോയിന്റും രോഹിത്തിന് 775 പോയിന്റുമാണ്. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സ്റാന്‍ നാലാം സ്ഥാനത്തുണ്ട്. ശുഭ്മന്‍ ഗില്ലാണ് ആദ്യ അഞ്ചിലെ മറ്റൊരു ഇന്ത്യന്‍ താരം.
ശ്രേയസ് അയ്യര്‍ 10-ാം സ്ഥാനത്തും കെ.എല്‍. രാഹുല്‍ 11-ാം സ്ഥാനത്തുമാണ്. 2013 ഒക്ടോബറിലാണ് കോഹ്ലി ആദ്യമായി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ട്വന്റി20യും ടെസ്റ്റ് ഫോര്‍മാറ്റുകളും വിടപറഞ്ഞ കോഹ്ലി ഇപ്പോള്‍ ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്ന കോഹ്ലി, ന്യൂസിലന്‍ഡിനെതിരായ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
42 മത്സരങ്ങളില്‍ നിന്നായി സചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 1750 റണ്‍സ് എന്ന റെക്കോഡ് മറികടന്ന്, 35 മത്സരങ്ങളില്‍ നിന്നായി കോഹ്ലി 1773 റണ്‍സാണ് നേടിയത്. വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് പിന്നിടുന്ന ബാറ്റര്‍ എന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. 624 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് കടന്നത്. സചിന്‍ ടെണ്ടുല്‍ക്കറിന് ഇത് നേടാന്‍ 644 ഇന്നിങ്സുകള്‍ വേണ്ടിവന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് വിരാട് കോഹ്ലി.
