റബ്ബർ ഷീറ്റ് മോഷണം, പ്രതികൾ പിടിയിൽ

കടയ്ക്കൽ: 400 കിലോയോളം റബ്ബർ ഷീറ്റ് ഓട്ടോറിക്ഷയിൽ മോഷ്ടിച്ചു കൊണ്ടുപോകവേ ഓട്ടോറിക്ഷ കേടായി സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കടയ്ക്കൽ വയ്യാനം വട്ടത്രാമല നസീമയുടെ റബ്ബർ തോട്ടത്തിലെ വീട്ടിനുള്ളിലെ മുറികളിൽ ഇട്ടിരുന്ന 400 കിലോയോളം റബ്ബർ ഷീറ്റാണ് മോഷ്ടാക്കൾഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയത്. പുനലൂർ കോട്ടവട്ടം സ്വദേശി രതീഷ്കുമാർ (30), വെട്ടിക്കവല സ്വദേശി സുനിൽകുമാർ (38) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ കടയ്ക്കൽ വയ്യാനം വട്ടത്രാമലയിൽ രതീഷിന്റെ ഓട്ടോയിലെത്തിയ മോഷ്ട്ടാക്കൾ റബ്ബർ എസ്റ്റേറ്റിനുള്ളിൽ ഉണ്ടായിരുന്ന വീടിന്റെ ജനൽ പാളി പൊളിക്കുകയും, റബ്ബർ ഷീറ്റ് പുകപ്പുരയുടെ ഭിത്തി തുരക്കുകയും വീടിന്റെ കതക് പൊളിക്കുകയും ചെയ്തു. വീടിന്റെ അകത്ത് കടന്ന മോഷ്ടാക്കൾ വീടിന്റെ മുറികളിൽ ഉണ്ടായിരുന്ന 400 കിലോയോളം റബ്ബർ ഷീറ്റും , കാടുവെട്ട് യത്രവും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ചടയമംഗലം പോരേടം റൂട്ടിൽ ആക്കൽ ഭാഗത്ത് വച്ച് ഓട്ടോറിക്ഷ കേടായതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ പോരേടം ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കേടായ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന റബ്ബർ ഷീറ്റ് ആ ഓട്ടോയിൽ കയറ്റി പോരെടത്തെ റബ്ബർ ഷീറ്റ് കടയിൽ37,000രൂപയ്ക്കു വിൽപ്പന നടത്തി. നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് കേടായ ഓട്ടോറിക്ഷയ്ക്ക് സമീപം നാട്ടുകാർ സംഘടിക്കുകയും മോഷ്ടാക്കളെ പിടികൂടി ചടയമംഗലം പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് മോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോഴാണ് കടയ്ക്കൽ വട്ടത്രാമല ഭാഗത്ത്നിന്നും മോഷ്ടിച്ചതാണെന്ന വിവരം പറയുന്നതും മോഷ്ടാക്കളുടെ പക്കൽ നിന്നും 37,000രൂപ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് മോഷ്ടാക്കളെ കടയ്ക്കൽ പൊലീസിന് കൈമാറി. കടയ്ക്കൽ പൊലീസ് മോഷ്ട്ടാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി റബ്ബർ ഷീറ്റ് വിൽപ്പന നടത്തിയ പോരെടത്തെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും മോഷണം മുതൽ വീണ്ടെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു