അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്‍കും. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.
നീണ്ട ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. അതേസമയം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഇന്നത്തെ മത്സരം അതിനിർണായകമാണ്. ആദ്യത്തെ രണ്ട് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജുവിന് ഇന്ന് തിളങ്ങേണ്ടത് അനിവാര്യമാണ്. ഇന്നും ഫോം ആയില്ലെങ്കില്‍ ടി20 ലോകകപ്പില്‍ അന്തിമ ഇലവനില്‍ എത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും. ലോകകപ്പ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തിയ ഇഷാന്‍ കിഷന്‍ രണ്ടാം ടി20 പോരാട്ടത്തിൽ നിർണായക ഇന്നിങ്സ് പുറത്തെടുത്ത സാഹചര്യത്തിൽ സഞ്ജുവിനെ സംബന്ധിച്ച് വലിയ സമ്മർദ്ദമാണ്.
ഗുവാഹത്തിയിലും തിളങ്ങിയില്ലെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്നു നീക്കി ഇഷാന് അവസരം നല്‍കാനും സാധ്യതയുണ്ട്. തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ സഞ്ജുവിനെതിരെ ആരാധക രോഷവും ഉയര്‍ന്നിട്ടുണ്ട്.
