വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.
