യൂട്യൂബ് വീഡിയോ കണ്ട് വണ്ണംകുറയ്ക്കാൻ ശ്രമിച്ച 19കാരി മരിച്ചു; കോളേജ് വിദ്യാർത്ഥിനിയുടെ മരണം മധുരയിൽ

മധുര: യൂട്യൂബ് വീഡിയോ കണ്ട് വണ്ണംകുറയ്ക്കാൻ ശ്രമിച്ച പത്തൊമ്പതുകാരി ആശുപത്രിയിൽ മരിച്ചു. അശാസ്ത്രീയമായ രീതിയിൽ വണ്ണംകുറയ്ക്കാൻ ഉള്ള ശ്രമത്തിൽ മധുര മീനാംബൽപുരത്തുനിന്നുള്ള പത്തൊമ്പതുകാരിയായ കലൈയരസിക്കാണ് ജീവൻ നഷ്ടമായത്. യൂട്യൂബിൽ കണ്ട വീഡിയോയിൽ പറയുന്നതനുസരിച്ച് ബോറാക്സ് കഴിച്ചാണ് പെൺകുട്ടി വണ്ണംകുറയ്ക്കാൻ ശ്രമിച്ചത്.

ജനുവരി പതിനാറിനാണ് പെൺകുട്ടി ഈസ്റ്റ് മസി സ്ട്രീറ്റിലെ മെഡിക്കൽ ഷോപ്പിൽനിന്നു ബോറാക്സ് വാങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ജനുവരി പതിനേഴിന് രാവിലെ ഒമ്പതു മണിയോടെയാണ് പെൺകുട്ടി ബോറാക്സ് ഉപയോഗിച്ചത്. കഴിച്ചയുടൻ കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെട്ട പെൺകുട്ടിയെ മുനിച്ചാലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകി വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ, വൈകുന്നേരമായതോടെ ലക്ഷണങ്ങൾ കൂടുകയും അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.രാത്രി പതിന്നൊന്നുമണിയോടെ ആരോഗ്യനില വഷളാവുകയും രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും മരിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.