പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 94 റണ്‍സ് അടിച്ചെടുത്തിരുന്നു. പവര്‍ പ്ലേയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ കിഷന്‍ (13 പന്തില്‍ 28) - അഭിഷേക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ഇഷ് സോധി മടക്കി. എന്നാല്‍ അഭിഷേകിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂടെ സൂര്യകുമര്‍ യാദവിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ക്ക് ഇന്ത്യക്ക് അനുകൂലമായി. അഭിഷേക് അഞ്ച് സിക്‌സും ഏഴ് ഫോറും നേടി. സൂര്യകുമാറിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ക്ക് ചാപ്മാന്‍ 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
