ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്‌ഡില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചു. 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ സംസ്ഥാനകത്തും പുറത്തുമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി. പോറ്റിയുടെ എട്ട് സ്ഥാവര സ്വത്തുക്കൾ മരവിപ്പിച്ചെന്നാണ് ഇഡി അറിയിച്ചിട്ടുള്ളത്. ചെന്നൈ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണക്കട്ടികളും കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. ദേവസ്വം ബോ‍ർഡ് ആസ്ഥാനത്തെ പരിശോധനയിൽ 2019 മുതൽ 2024 വരെയുള്ള സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ രേഖകളും മിനുട്സും പിടിച്ചെടുത്തു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.