വായു മലിനീകരണം രൂക്ഷം; പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശന വിലക്ക്

ന്യൂഡൽഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പഴയ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശനം നിഷേധിച്ച് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിഎസ്–VI എഞ്ചിനുകളില്ലാത്ത വാഹനങ്ങൾക്കാണ് ഇന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കാത്തത്. പുക പരിശോധന സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നതും നിരോധിച്ചു.

മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹി സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. ബിഎസ്–VI എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന തീരുമാനം ഡൽഹിയോട് ചേർന്ന ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.


നോയിഡയിൽ നിന്ന് നാല് ലക്ഷത്തിലധികം വാഹനങ്ങളും, ഗുരുഗ്രാമിൽ നിന്ന് രണ്ട് ലക്ഷം വാഹനങ്ങളും, ഗാസിയാബാദിൽ നിന്ന് 5.5 ലക്ഷത്തിലധികം വാഹനങ്ങളും ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയപ്പെടും. നിയന്ത്രണങ്ങൾ നടപ്പാക്കാൻ 580 പൊലീസുകാരെയും 126 ചെക്ക്‌പോസ്റ്റുകളിലായി 37 എൻഫോഴ്‌സ്‌മെന്റ് വാനുകളെയും വിന്യസിക്കും.

ഗതാഗത വകുപ്പ്, മുനിസിപ്പൽ കോർപ്പറേഷൻ, ഭക്ഷ്യ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ പെട്രോൾ പമ്പുകളിലും നിയോഗിക്കും. സാധുവായ പുക സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങളെ കണ്ടെത്തുന്നതിനായി പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഡൽഹിയിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറക്കുന്നത് സുപ്രീംകോടതി ഇന്നലെ വിലക്കിയിരുന്നു. ബിഎസ്–4 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് കഴിഞ്ഞ ജൂലൈയിൽ സർക്കാർ വിലക്കിയിരുന്നെങ്കിലും, ജനരോഷത്തെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ തീരുമാനം പിൻവലിച്ചിരുന്നു