തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ തരംഗമായി യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മൂന്നാം ഭരണമെന്ന എല്‍ഡിഎഫ് ലക്ഷ്യത്തിന് മങ്ങലേല്‍പ്പിക്കും. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഏറ്റ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷത്തിന് കരകയറാന്‍ എളുപ്പമാവില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍, സിപിഐഎം സംസ്ഥാന നേതൃത്വം ഇത് പാടേ തള്ളിക്കളയുകയായിരുന്നു. നാല് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലായി വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ച സംസ്ഥാനത്ത് വരാനിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ഭരണവിരുദ്ധവികാരത്തിന്റെ അലയൊലികള്‍ക്കൊപ്പം ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നുണ്ട്. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് പകരം വിവാദങ്ങളുടെ വേലിയേറ്റമായിരുന്നു ഈ തിരഞ്ഞെടുപ്പിലുണ്ടായത്.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടും നഗര പ്രദേശങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടായി. വാര്‍ഡ് വിഭജനം അടക്കം വളരെ ശ്രദ്ധയോടെ നടത്തിയിട്ടും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതും തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചരണായുധം. ഈ ആയുധം എല്‍ഡിഎഫിന് കനത്ത ആഘാതം സൃഷ്ടിച്ചുവെന്ന് തന്നെയാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടില്‍ ഉണ്ടായ മാറ്റമാണ് വലിയ തിരിച്ചടിക്ക് വഴിയൊരുക്കിയത്. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷം പൂര്‍ണമായും ഇടത് പക്ഷത്തെ കൈയ്യൊഴിയുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലയില്‍ തകര്‍ന്നടിഞ്ഞതും ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന രാഷ്ട്രീയ സംഭവമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇന്നേവരെയുണ്ടാവാത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തോടെ മധ്യകേരളത്തില്‍ വന്‍ ആധിപത്യമുണ്ടായതായി സിപിഐഎം നേരത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍ പാലാ നഗരസഭയില്‍പോലും വിജയിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് കഴിഞ്ഞില്ല. കോട്ടയം ജില്ലയില്‍ യുഡിഎഫ് തദ്ദേശ സ്ഥാപനങ്ങളെല്ലാം തൂത്തുവാരി.
ജില്ലാ പഞ്ചായത്തുകളില്‍ മലപ്പുറം ഒഴികെ മറ്റെല്ലാം പിടിച്ചെടുക്കുമെന്നായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍, കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫിന് നഷ്ടമാവുന്ന കാഴ്ചയാണ് കേരളം കണ്ടത്.

കോര്‍പ്പറേഷനുളില്‍ കണ്ണൂര്‍ ഒഴികെ മറ്റെല്ലാം ഭരിച്ചിരുന്നത് എല്‍ഡിഎഫ് ആയിരുന്നു. ഇത്തവണ അത് ഒന്നായി ചുരുങ്ങി.
നഗരസഭകളിലും എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാലാ നഗരസഭയില്‍ സിപിഐഎമ്മിനോട് വിടപറഞ്ഞ ബിനു പുളിക്കക്കണ്ടത്തിന്റെ മൂന്ന് സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ പാലായില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ സര്‍വാധിപത്യമുണ്ടായിരുന്ന പാലായില്‍ എല്‍ഡിഎഫിന് നേരിട്ട പരാജയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചകമായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയില്‍ നിന്നും നേതൃത്വം ഒരു പാഠവും ഉള്‍ക്കൊണ്ടില്ലന്നതിന്റെ ഉദാഹരണമാണ് ഈ ദയനീയ തോല്‍വി. കഴിഞ്ഞ തവണ തൃശൂരില്‍ ബിജെപിക്ക് വിജയിക്കാന്‍ വഴിയൊരുക്കിയ സിപിഐഎം ഇത്തവണ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ ബിജെപിക്ക് വഴിയൊരുക്കിയെന്നാണ് ഉയരുന്ന ആരോപണം.