ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.