നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി; വാദം തുടങ്ങി, അമ്മ മാത്രമേയുള്ളു,ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധിയില്‍ വാദം തുടങ്ങി. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയോട് പറഞ്ഞു.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പറഞ്ഞു. ” എന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉള്ള മാതാപിതാക്കള്‍ ആണ് വീട്ടിലുള്ളത്. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് വീട്ടിലെ നിത്യ ചെലവുകള്‍ കഴിയുന്നത്. നിരപരാധിത്വം മനസ്സിലാക്കി എന്നെ ജയില് മോചിതന്‍ ആക്കി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു” എന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വിങ്ങിപ്പൊട്ടി.

കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം. ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് ഉള്ളത്, 9 വയസുള്ള മകളും രണ്ട് വയസുള്ള മകനും ഉണ്ട്.അവര്‍ക്ക് ഏക ആശ്രയം താന്‍ മാത്രമാണെന്നും തന്നോടും കുടുംബത്തോടും അലിവ് തോന്നണമെന്നും മണികണ്ഠന്‍ പറഞ്ഞു.

തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയാണെന്നും കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നുമായിരുന്നു നാലാം പ്രതി വി.പി. വിജീഷ് ആവശ്യപ്പെട്ടത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് അഞ്ചാം പ്രതി വടിവാള്‍ സലീം എന്ന എച്ച്. സലീം പറഞ്ഞത്. ഭാര്യയും ഒരു വയസുമുള്ള പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ക്ക് ആശ്രയം താന്‍ മാത്രമാണെന്നും സലീം പറയുന്നു. ആറാം പ്രതി പ്രദീപ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.

പ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതി എന്ന് കോടതി പറഞ്ഞു. ബാക്കിയുള്ളവര്‍ സഹായികള്‍ അല്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ കുറ്റങ്ങളും വ്യത്യസ്ത കുറ്റങ്ങള്‍ ആണെന്നും ഓരോ പ്രതികള്‍ക്കും കുറഞ്ഞ ശിക്ഷ നല്‍കാനും കൂടുതല്‍ നല്‍കാനും കൃത്യമായ കാരണം വേണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.