*ശബരിമല സ്വർണക്കൊള്ള; ഇഡി അന്വേഷിക്കും*

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. 

കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. 

അതേസമയം, ശബരിമല സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.