"എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്’ ; മലയാളികൾക്കിടയിലെ മോഹൻലാലും- ശ്രീനിവാസനും

സിനിമയിലെ ഏതെങ്കിലും ഒരു മേഖലയിൽ തളച്ചിടപ്പെട്ട വ്യക്തിത്വമല്ല മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെത്. സിനിമാ മേഖലയിൽ‌ താൻ തൊട്ടതെല്ലാം പൊന്നാക്കി ഒരു കാലഘട്ടത്തിന്റ മുഴുവൻ കൈയടിയും വാങ്ങിയ ബഹുമുഖപ്രതിഭയാണ്. നായകനായും, പ്രതിനായകനായും, കൊമേഡിയനായും വെള്ളിത്തിരയിൽ മാറ്റുരച്ചപ്പോൾ അണിയറയ്ക്കുപിന്നിലും സംവിധായകനായും തിരക്കഥാകൃത്തായും പ്രവീണ്യം തെളിയിച്ചു.

എന്നാൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് സ്ക്രീനിൽ വന്നാൽ കാണികൾക്ക് അതൊരൊന്നന്നര ദൃശ്യ വിരുന്ന് തന്നെയാകും. “എടാ ദാസാ എന്താടാ വിജയാ, എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്” ഇതൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഏറ്റ് പറയാത്ത മലയാളികൾ നമുക്കിയിലുണ്ടാകില്ല. നാട്ടിൻപുറത്തെ ചെറുപ്പക്കാരുടെ പച്ചയായ ജീവിത യാഥാർത്ഥ്യം തുറന്ന് കാണിക്കാൻ ഇതിലും നല്ലൊരു ജോടി മലയാള സിനിമയ്ക്ക് ഇനി ഉണ്ടാകുമോ എന്ന് പോലും സംശയിക്കണം. ഏതു തലമുറയിൽപ്പെട്ടവരെയും വീണ്ടും വീണ്ടും കാണാൻ പ്രരിപ്പിക്കുന്ന അത്തരം റോളുകൾ തന്നെയായിരുന്നു ആ സിനിമകളുടെയും താര ജോടികളുടെയും വിജയം.
അരം പ്ലസ് അരം കിന്നരം,നാടോടിക്കാറ്റ്, പട്ടണപ്രവേശം, മിധുനം, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഉ​ദയനാണ് താരം, വെള്ളാനകളുടെ നാട് തുടങ്ങി ഒരുമിച്ചെത്തിയതെല്ലാം പ്രക്ഷകരുടെ നെഞ്ചോട് ചേർന്ന് നിന്നു. എന്ത് കൊണ്ട് മോഹൻലാലും- ശ്രീനിവാസനും എന്നതിന് അവർക്കിടയിൽ മാത്രം കാണുന്ന അഭിനയത്തിന്റെ രസതന്ത്രം തന്നെയായിരുന്നു കാരണം. സാധാരണക്കാരന്റെ വൈകാരിക തലങ്ങളെ തുറന്ന് കാട്ടുക മാത്രമല്ല ലോകം തലകീഴായി മറിഞ്ഞാലും ഒപ്പം നിൽക്കുമെന്നുറപ്പുള്ള ആ കൂട്ടുകാരെ കേരളത്തിലെ ചെരുപ്പകാർക്ക് പ്രചോദനം ആയിരുന്നു.

തൊഴിലില്ലായ്മ, പട്ടിണി, കടബാദ്ധ്യത, പ്രണയം, സൗഹൃ‍ദം എന്നിവയെ കൂട്ടികെട്ടി ഒരു പൊന്നും നൂലിൽ കോർത്ത് കാണിച്ച സിനിമകളായിരുന്നു നാടോടിക്കാറ്റും, മിധുനവും, ചന്ദ്രലേഖയും, കിളിച്ചുണ്ടൻ മാമ്പഴവുമൊക്കെ. മോഹൻലാലും, ശ്രീനിവാസനും പ്രിയദർശനും അല്ലെങ്കിൽ മോഹൻലാലും, ശ്രീനിവാസനും സത്യൻ അന്തിക്കാടും ആ കോമ്പോയിൽ ഇറങ്ങിയ ചിത്രങ്ങളൊക്കെയും മേൽ പറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങളുമായി അടുത്ത് നിൽക്കുന്നവയാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിലെ അപ്പുക്കുട്ടനും, നൂറും പോലെയുള്ള കഥാപാത്രങ്ങൽ സമൂഹത്തിന് മേൽ ആക്ഷേപഹാസ്യരൂപേണ തുറന്ന് വച്ച കണ്ണാടി കൂടിയായിരുന്നു. എന്നാൽ ഉ​ദയനാണ് താരത്തിലെ ഉദയനും രാജപ്പനും കിളിച്ചുണ്ടൻ മാമ്പഴത്തിലെ അബ്ദുവും മൊയ്ദൂട്ടി ഹാജിയും സൗഹൃദം വിട്ട് ശത്രുക്കളായി നിറഞ്ഞാടുന്നതും കാണാം.

 മലയാളത്തിന്റെ ശ്രീ.....
 
വിട🌹