"മേൽവെട്ടൂർ കയറ്റാഫീസിൽ പോലീസുകാരെ ആക്രമിച്ച മൂന്നംഗസംഘം അറസ്റ്റിൽ.

"മേൽവെട്ടൂർ കയറ്റാഫീസിൽ പോലീസുകാരെ ആക്രമിച്ച മൂന്നംഗസംഘം അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ ഫെയർഫിൽ എസ്റ്റേറ്റിൽ താമസിക്കുന്ന ജിജോ (29), വർക്കല വെന്നികോട് കട്ടിങ് ഗ്രൗണ്ടിനു സമീപം രേവതി നിലയത്തിൽ ബിജിത്ത് (28), നെയ്യാർഡാം പെരിഞ്ഞംകടവ് ആർ.എസ്. ഭവനിൽ പ്രവീൺ (35) എന്നിവരാണ് പിടിയിലായത്. വർക്കല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നജീബ്, സിപിഒ സുജിത്ത് എന്നിവരെയാണ് ഡ്യൂട്ടിക്കിടെ സംഘം മർദിച്ചത്.

 പോലീസ് ഉദ്യോഗസ്ഥനായ സുജിത്തിന് മുഖത്ത് പരിക്കേറ്റു. ഞായറാഴ്ച രാത്രി 12.30-ഓടെയായിരുന്നു സംഭവം. കയറ്റാഫീസ് ജങ്ഷനിൽ വാഹനയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നുവെന്ന് കൺട്രോൾ റൂമിൽ ലഭിച്ച പരാതി അന്വേഷിക്കാനാണ് പോലീസുകാർ എത്തിയത്.

കാറിനുമുന്നിൽനിന്ന് പ്രവീൺ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതാണ് കണ്ടത്. പ്രവീണിനെ പിന്തിരിപ്പിച്ചശേഷം വിവരങ്ങൾ ചോദിച്ചപ്പോൾ പ്രദേശവാസിയല്ലെന്നു മനസ്സിലായി.

തുടർന്ന് ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ റോഡരികിലുണ്ടായിരുന്ന കാറിൽനിന്നും ജിജോയും ബിജിത്തും ഇറങ്ങിവന്ന് അസഭ്യം വിളിച്ച് തടഞ്ഞു.

തുടർന്ന് സുജിത്തിന്റെ മുഖത്തും കഴുത്തിലും ഇടിക്കുകയും യൂണിഫോം വലിച്ചു പൊട്ടിക്കുകയുമായിരുന്നു"