തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു


ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.

കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.