ആലപ്പുഴയിൽ യാത്രക്കാരുമായി ഓടുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ച് അപകടം ഒഴിവായി

ആലപ്പുഴ: യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ യാത്രയ്ക്കിടെ ഊരിത്തെറിച്ചു. പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.

ദേശീയപാതയിലെ വളഞ്ഞ വഴിയായ എസ്.എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസിന്റെ മുൻവശത്തെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ യാത്രക്കാരിൽ ആർക്കും പരിക്കുകളില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.