അയല്‍ വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതി ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തിയപ്പോൾ പോലീസ് പൊക്കി

തിരുവനന്തപുരം: അയല്‍ വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതി പിടിയില്‍. സംഭവത്തിന് പിന്നാലെ ഒന്നര മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം തൈക്കാട്ടുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പിന്തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഒക്ടോബറിലാണ് ഇയാള്‍ അയല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നപ്പോള്‍ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചു. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
കരമന പൊലീസിനു നേരേ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂര്‍, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ മറ്റ് കേസുകളിലും പ്രതിയാണ് അനന്തുവെന്ന് പൊലീസ് പറഞ്ഞു. അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.