നന്മകൾ മാത്രം വരട്ടെ ; അവസാന ആശംസയും നേർന്ന് മലയാളത്തിന്റെ ശ്രീനി മടങ്ങി

മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. അവസാനമായി കണ്ടനാട്ടെ വീട്ടുവളപ്പിൽ വച്ച ഭൗതികശരീരത്തിനൊപ്പം ഒരു കുറിപ്പും പേനയും ഉണ്ടായിരുന്നു. എന്നും എല്ലാപേർക്കും നന്മകൾ മാത്രം വരട്ടെ എന്നായിരുന്നു അതിലെ വാക്കുകൾ. കുറിപ്പും ഒപ്പം ഒരു പേനയും സംവിധായകനായ സത്യൻ അന്തിക്കാടാണ് ഭൗതികദേഹത്തിൽ സമർപ്പിച്ചത്. ഔദ്യോ​ഗികബഹുമതികളോടെയാണ് സംസ്കാരചടങ്ങ് നടന്നത്. സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സിമനിമാ പ്രേമികൾക്കിടയിലേക്ക് ശ്രീനിവാസനിലൂടെ വന്ന ഓരോ സിനിമയും അവസാനിക്കുമ്പോൾ സ്ക്രീനിൽ തെളിയുന്ന അവസാന വാക്കുപോലെ അദ്ദേഹം മരണത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു. ഓരോ മലയാളിയുടെ മനസ്സിലും കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ചാണ് അ​ദ്ദേഹം യാത്രയായത്.
ശ്രീനിവാസൻ 1976- ൽ പുറത്തിറങ്ങിയ പി.എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.