എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 2024ല്‍ നടന്ന സംഭവത്തിലാണ് അന്നത്തെ സിഐയായിരുന്ന പ്രതാപ ചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നത്. യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയായിരുന്നു മര്‍ദനം. യുവതിയുടെ ഭര്‍ത്താവ് ബെന്‍ ജോ നടത്തുന്ന ഹോട്ടലില്‍ നടന്ന അടിപിടിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതി സ്റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദനം നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
സ്ത്രീയും ഭര്‍ത്താവും ചേര്‍ന്ന് സ്റ്റേഷന്‍ ആക്രമിച്ചുവെന്നും ക്രമസമാധാനം തടസ്സപ്പെടുത്തിയുവെന്നും ആയിരുന്നു പൊലീസിന്റെ വാദം. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ബെന്‍ ജോയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. ഏകദേശം ഒരു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭ്യമായത്.

പ്രതാപ ചന്ദ്രനിനെതിരെ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഷനില്‍ പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവുണ്ടെന്ന പരാതികളും നിലവിലുണ്ട്. ‘മിന്നല്‍ പ്രതാപന്‍’ എന്ന പേരിലാണ് ഇയാള്‍ പൊലീസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.