കൊല്ലത്ത് വനിതാ പൊലീസുകാരിക്കെതിരെ ലൈംഗിക അതിക്രമം സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം: കൊല്ലത്ത് വനിതാ പൊലീസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ ആറിന് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ വനിതാ പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും ഗുരുതരമായ കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നവാസില്‍ നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്