ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുക
കഠിനമായ വ്രതാനുഷ്‌ഠാനങ്ങളും ദീർഘമായ കാൽനടയാത്രയും കഴിഞ്ഞ് അയ്യപ്പദർശനം നേടി നിർവൃതിയോടെ ഓരോ ഭക്തനും മലയിറങ്ങുമ്പോൾ, ശരീരവും മനസ്സും അതിയായ ക്ഷീണത്തിലായിരിക്കും. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രകൾ നടത്തുകയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതാണ്. ഉറക്കക്കുറവ്, ശരീരവേദന, മാനസിക ക്ഷീണം എന്നിവ ഡ്രൈവിങ്ങിനെ ബാധിക്കും.
മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യാവസ്ഥയിലായിരിക്കുമ്പോൾ മാത്രമേ ഡ്രൈവിംഗ് നടത്താവൂ എന്നത് ഓരോ ഡ്രൈവറുടെയും പ്രധാന ഉത്തരവാദിത്തമാണ്. സ്വന്തം ജീവൻ മാത്രമല്ല, കൂടെ യാത്ര ചെയ്യുന്നവരുടെയും മറ്റ് വഴിയാത്രക്കാരുടെയും ജീവനും ഡ്രൈവറുടെ ജാഗ്രതയിൽ ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ട് ഇത്തരം തീർത്ഥയാത്രകളിൽ
പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ
ആവശ്യമായ വിശ്രമവും ഉറക്കവും എടുത്തതിന് ശേഷം മാത്രം യാത്ര തുടരുക
ആവശ്യമെങ്കിൽ യാത്ര ഇടവേളകളായി വിഭജിക്കുക
കൂടെയുള്ളവരും യാത്ര മുഴുവൻ ഉറങ്ങാതെ ജാഗ്രതയോടെ ഡ്രൈവറോടൊപ്പം സജീവമായി ഇരിക്കണം. ഡ്രൈവറുമായി സംസാരിച്ച് ജാഗ്രതയിൽ നിലനിർത്തുക, ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഉടൻ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഒരു നിമിഷത്തെ അശ്രദ്ധയും അമിത ആത്മവിശ്വാസവും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കാം. ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുകയാണ് യഥാർത്ഥ അയ്യപ്പസ്മരണം.