ശിവഗിരി: തീര്‍ത്ഥാടനങ്ങളെല്ലാം ആത്മീയ ലക്ഷ്യം കൈവരിക്കുന്ന വിധത്തിലേക്ക് ജനതയെ നയിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടനം ആത്മീയതയിലും ഭൗതികതയിലും മനുഷ്യന്‍റെ പുരോഗതിയാണു ലക്ഷ്യമാക്കുന്നതെന്നു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. 93 -ാമതു ശിവഗിരി തീര്‍ത്ഥാടന കാല സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. ജ്ഞാനികള്‍ ലോകസേവയില്‍ മുഴുകുകയാണ് വേണ്ടതെന്നു ഗുരുദേവന്‍ സ്വധര്‍മ്മത്തിലൂടെ കാട്ടി തന്നു. ജാതി, മത, രാഷ്ട്രീയ താല്പര്യങ്ങള്‍ ജ്ഞാനികളെ സംബന്ധിച്ച് ഏകമാണെന്നു കരുതണം. മാനവരൊക്കെയും ഒന്ന് അതാണ് നമ്മുടെ മതം എന്നായിരുന്നു ഗുരുദേവന്‍ പഠിപ്പിച്ചത്. നരനും നരനും തമ്മില്‍ സാഹോദര്യം പുലര്‍ത്തണം അതിലൂടെ കലഹങ്ങളൊക്കയും ഇല്ലാതാകണം. ശിവഗിരി തീര്‍ത്ഥാടനം ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ പുരോഗതിയല്ല ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും സമഗ്ര പുരോഗതി ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ കൈവരണം. ഇതാണ് തീര്‍ത്ഥാടനലക്ഷ്യങ്ങളിലൂടെ ഗുരു പകര്‍ന്നു നല്‍കിയതെന്നു സച്ചിദാനന്ദ സ്വാമി ചൂണ്ടിക്കാട്ടി.