"കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പരിധിയിലെ എട്ടു പഞ്ചായത്തിലെ ആറിലും എല്‍ഡിഎഫിന് ഭൂരിപക്ഷം. രൂപീകരണ കാലംമുതല്‍ ഇടതുചായ്‌വ് പ്രകടിപ്പിക്കുന്ന കിളിമാനൂര്‍ ബ്ലോക്ക് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആകെയുള്ള 16 വാർഡിൽ ഒന്പതും നേടി എല്‍ഡിഎഫ് അധികാരത്തില്‍ തുടരും. യുഡിഎഫിന് ഏഴ്. കിളിമാനൂര്‍ ടൗണ്‍ ഉള്‍ക്കൊള്ളുന്ന പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് വിജയിച്ചു. 17 വാർഡില്‍ 10 നേടി. യുഡിഎഫിന് ഏഴ്. കരവാരം പഞ്ചായത്തുഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി. കരവാരം പഞ്ചായത്തില്‍ ആകെയുള്ള 20 വാർഡില്‍ 13 എല്‍ഡിഎഫ്, നാല് എസ്ഡിപിഐ, രണ്ട് യുഡിഎഫ്, ഒന്ന് ബിജെപി. നഗരൂരില്‍ 18 വാർഡില്‍ എല്‍ഡിഎഫ് 13, യുഡിഎഫ് മൂന്ന്, ബിജെപി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പുളിമാത്ത്, കിളിമാനൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് യുഡിഎഫില്‍നിന്ന് തിരിച്ചുപിടിച്ചു. പുളിമാത്ത് 20 വാർഡിൽ എല്‍ഡിഎഫ് 12, യുഡിഎഫ് ഏഴ്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കിളിമാനൂരിലെ 16 വാര്‍ഡിൽ എല്‍ഡിഎഫ് ഒന്പത്, യുഡിഎഫ് അഞ്ച്, ബിജെപി രണ്ട് ആണ് കക്ഷിനില. പള്ളിക്കലില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എല്‍ഡിഎഫാണ്. 14 വാർഡില്‍ എല്‍ഡിഎഫ് ആറ്, യുഡിഎഫ് അഞ്ച്, ബിജെപി ഒന്ന്, സ്വതന്ത്രർ രണ്ട്. സ്വതന്ത്രരുടെ നിലപാട് ഭരണത്തില്‍ നിര്‍ണായകമാകും. നാവായിക്കുളത്തും മടവൂരിലും യുഡിഎഫാണ് ജയിച്ചത്" കിളിമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന്റെ ദീപാ അനിൽ വിജയിച്ചു