തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നെഞ്ചിടിപ്പിൽ മുന്നണികൾ


തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനം വിധിയെഴുതിയത്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ പരാജയവും പ്രധാന ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമാണ് യു.ഡി.എഫ് നേത്യത്വത്തില്‍ നടന്നത്.

244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും