അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’: ജഗദീഷ്

കൊച്ചി: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രീനിവാസന്‍ വഹിച്ച പങ്ക് വലുതാണെന്ന് നടന്‍ ജഗദീഷ്. ജീവിതത്തില്‍ ഇന്നുവരെ ഡബിള്‍ മീനിങ്ങുള്ള ഒരുസംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല. തലച്ചോറിന്റെ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെതെന്നും ജഗദീഷ് പറഞ്ഞു. ഉദയംപേരൂരെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസാരിക്കുമ്പോള്‍ ഇത്രയേറെ ഹ്യൂമര്‍സെന്‍സുള്ള ഒരാളെ താന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളും മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്. സിനിമയില്‍ ഒരു വേഷം തരുമ്പോള്‍ ആ കഥാപാത്രം തനിക്ക് എത്ര ഗുണം ചെയ്യുമെന്നറിയില്ല, തരക്കേട് ഇല്ലാത്ത വേഷമാണെന്നും അത് പടത്തിന് ഗുണം ചെയ്യമെന്നാണ് പറയുക. സ്വയം കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. ഉദാത്തമായ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെത് അതുകൊണ്ടാണ് കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും വികെഎന്റെയും ശ്രേണിയില്‍പ്പെട്ടത്. മറ്റുളളവരെ കളിയാക്കുന്നതില്‍ അല്ല സ്വയം കളിയാക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം.

തന്റെ രൂപം അത്ര സുന്ദരമല്ലായെന്നും തനിക്ക് പൊക്കക്കുറവ് ഉണ്ടെന്നള്ളതും വലിയ പരിമിതിയായിട്ട് പ്രേക്ഷകരുടെ മുന്നില്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രേക്ഷകര്‍ അത് വലിയ പൊക്കമായും വലിയ സൗന്ദര്യമായും തിരിച്ചുകൊടുത്തു. ശ്രീനിവാസന്‍ മലയാള സിനിമക്ക് ഒരുപാട് തന്നിട്ടുണ്ട്. എനിക്ക് ഉള്‍പ്പടെ ഒരുപാട് കലാകാരന്‍മാര്‍ക്ക് തന്നിട്ടുണ്ട്. തിരിച്ച് ശ്രീനിവാസന് അധികം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഒരുപാട് താരങ്ങളെയും സംവിധായകരെയും സൃഷ്ടിച്ചു. ഒരുപാട് നല്ല സിനിമകള്‍ തന്നിട്ടുണ്ട്. തിരിച്ച് മലയാള സിനിമ എന്താണ് നല്‍കിയതെന്ന് ചോദിച്ചാല്‍ അദ്ദേഹം തന്നതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

ജനകീയമായ ഹാസ്യമാണ് തന്റെ അനുവഭത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ജീവിതത്തിലെ തിക്തമായ അനുഭവങ്ങളെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സാമ്പത്തികമായ ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചിട്ട് പിന്നീട് തകര്‍ച്ച നേരിടേണ്ടി വന്നു. അതാണ് വരവേല്‍പ്പില്‍ പറഞ്ഞത്. പട്ടിണി കിടന്നിട്ടുണ്ട്. അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല. ഒരാളോടും കൈനീട്ടി പണം ചോദിച്ചിട്ടില്ല’ – ജഗദീഷ് പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാാനുമായെത്തി. തമിഴ്‌നടന്‍ സൂര്യ, ജഗദീഷ്, പാര്‍വതി തിരുവോത്ത്, രാജസേനന്‍ തുടങ്ങി… ആ നിര നീളന്നു. താന്‍ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്നും ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനില്‍ക്കുമെന്നു അദ്ദേഹം അനുസ്മരിച്ചു.

ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു.