കൊല്ലം: വിദേശത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ പെരിനാട് സ്വദേശിനിയായ വീട്ടമ്മ വാഹന അപകടത്തിൽ മരിച്ചു. പെരിനാട് ചെമ്മക്കാട് സ്വദേശിനി ബിന്ദു ആണ് കിഴക്കേകല്ലട ചന്തമുക്കിലുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത് 48 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേനി ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 23ന് തിരികെ പോകാനിരിക്കുകയായിരുന്നു. യാത്ര ചോദിക്കുന്നതിനായി തന്റെ ഭർത്താവ് അനിൽ കുമാറിനൊപ്പം സ്കൂട്ടറിൽ മുതുപിലാക്കാട്ടുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫെഡറൽ ബാങ്കിന് സമീപം വെച്ച്, മുന്നിലുണ്ടായിരുന്ന KSRTC ബസിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു..
സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. ജനക്കൂട്ടം ബസിന്റെ ചില്ലുകൾ അടിച്ച് തകർത്തു. അപകടത്താല്‍ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു..