ഗിൽ പരിക്ക് മൂലം പുറത്ത്; സഞ്ജുവിന് അവസരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 ഇന്ന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അമ്മദാബാദില്‍. വൈകീട്ട് ഏഴ് മണി മുതലാണ് മത്സരം. ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ട്.

നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചു. നാളത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും.
നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മത്സരത്തില്‍ മലയാളി താരം സ‍ഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാന്‍ അവസരം ലഭിക്കും.

അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിംഗ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്സര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിംഗ് ഇലവനില്‍ തുടരും.

അക്സര്‍ പുറത്തായതോടെ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍. ജസ്പ്രീത് ബുംറ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണ പുറത്താകുമെന്നാണ് കരുതുന്നത്. അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.