ലക്‌നൗ: കടുത്ത മൂടൽമഞ്ഞിനെ തുടർന്നു ഗ്രൗണ്ടിൽ വിസിബിലിറ്റി കുറവായതിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ട്വന്റി20 ഉപേക്ഷിച്ചു.അംപയർമാർ ആറ് തവണ പരിശോധന നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുകയായിരുന്നു. എതിർ വശത്തുള്ള ആളിനെ കാണാൻ പോലും സാധിക്കാത്ത വിധമാണ് മൂടൽമഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്.
നാലാം ട്വന്റി20യിൽനിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പുറത്തായിരുന്നു. കാലിനേറ്റ പരുക്കിനെ തുടർന്ന് ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.ധരംശാലയിൽ 28 പന്തിൽ 28 റൺസ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും കഴിഞ്ഞിട്ടില്ല. ഗില്ലിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരം പരുക്കേറ്റ് പുറത്താകുന്നത്. കഴുത്തിനേറ്റ് പരുക്കിനെ തുടർന്ന് ടെസ്റ്റ്, ഏകദിന പരമ്പകളിൽനിന്നു പുറത്തായ താരം, ട്വന്റി20 പരമ്പരയിലൂടെയാണ് ടീമിലേക്കു തിരിച്ചെത്തിയത്.അഞ്ച് മത്സര പരമ്പരയിൽ 2–1ന് മുന്നിലുള്ള ആതിഥേയർക്ക് അടുത്ത മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.