കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചു. പൾസർ സുനി ഉൾപ്പെടെ എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചു. എല്ലാ പ്രതികളും അരലക്ഷം രൂപ പിഴയൊടുക്കണം.പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
നേരത്തെ പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചിരുന്നു. കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു